Tuesday, May 4, 2010

പുറത്താക്കപ്പെട്ട രാത്രി എന്നെ ഓര്‍മ്മിപ്പിച്ചത്...


ഞാന്‍ പുറത്താക്കപ്പെട്ടിരിക്കുന്നു..
അവിചാരിതമായ
എന്നാല്‍
അദൃശ്യമായ
നടപടികളിലൂടെ
ഞാന്‍ പുറത്താക്കപ്പെട്ടിരിക്കുന്നു..
പുറത്താക്കല്‍ എന്നെ ഓര്‍മ്മിപ്പിക്കുന്ന ചിലതുണ്ട്.
പെണ്ണേ.. നിനക്ക് സ്വന്തമായി ഒന്നുമില്ല
ഇടക്കാലത്ത് ആരുടെയൊക്കെയോ പങ്ക് പറ്റുന്നു എന്നുമാത്രം...
വേരുറപ്പിക്കാന്‍ നിനക്ക് അവകാശമില്ല.

പേരും വിലാസവും സംസ്ക്കാരവും
ഒന്നിനും നിന്റേതാവാന്‍ കഴിയില്ല
തിന്നുന്നചോറിനോടു നന്ദികാണിക്കുന്ന
ഏതൊരു സാധാരണ വളര്‍ത്തു മൃഗത്തെയും പോലെ
മേല്‍പ്പറഞ്ഞവയെല്ലാം
ഉടമസ്ഥനില്‍ നിന്നും അപ്പപ്പോള്‍
കൈപ്പററുക........ അത്രമാത്രം.
പെണ്ണേ.. നിനക്ക് സ്വന്തമായി ഒന്നുമില്ല.

നീയൊരു പിടി കുഴച്ചകളിമണ്ണായിരിക്കുക
കൈമറിഞ്ഞു പോകുമ്പോള്‍
ആവശ്യക്കാര്‍ക്കനുസരിച്ച് രൂപം മാറ്റേണ്ടി വന്നേക്കാം,
അല്ലെങ്കില്‍ ഒരു കുമ്പിള്‍ വെള്ളമായിരിക്കുക
പാത്രത്തിന്റെ രൂപത്തില്‍ അഭിമാനിക്കുക.., നിന്റേതല്ല.

സ്പഷ്ടമായും നീയൊരു ഇത്തിള്‍കണ്ണിയാകുന്നു
പറിച്ചെറിയപ്പെടുന്നിടത്ത് പങ്കുപറ്റി കഴിയുക
നിന്റെ ജീവിത വ്രതമാണ്.

ജീര്‍ണ്ണതകളില്‍ നിന്നും ഉയിര്‍ത്തെഴുന്നേല്‍ക്കാന്‍
നിനക്ക് തുണയുണ്ടെന്നു ധിരിച്ചുവോ
അവരെല്ലാം ഞങ്ങളുടെ പങ്കുകാര്‍ മാത്രം