Monday, April 4, 2011

ഒരു പഴയ സഹപാഠി

ഇപ്പോള്‍ ജീവിച്ചിരിപ്പില്ലാത്ത ഒരു സഹപാഠി. ഓര്‍ത്തിരിക്കാന്‍ മാത്രം ദിവസങ്ങളൊന്നും അവന്‍ ഞങ്ങളുടെ ക്ലാസില്‍ പഠിച്ചിട്ടില്ല. സ്ക്കൂള്‍ നിയമങ്ങള്‍ അനുസരിക്കാത്തതിനും ക്ലാസില്‍ കയറാതെ തോന്നിയതുപോലെ നടക്കുന്നതിനും കേസും പുക്കാറും ആക്ഷന്‍ എടുക്കലും ഒക്കെയായി അവന്‍ സ്ഥലം വിട്ടു. അമ്മയുടെ ഒറ്റ മകന്‍. പ്രായമാകുമ്പോള്‍ തനിക്കു തുണയാകേണ്ട മകന്‍ താന്തോന്നിയായി നടക്കുന്നതുകണ്ട് നോവുന്ന ഒരമ്മ.
സ്ക്കൂള്‍ പഠനം കഴിഞ്ഞ് പിന്നേയും കുറേ കാലങ്ങള്‍ക്ക് ശേഷം ഒരു യാത്രക്കിടയില്‍ പഴയ അധ്യാപികയില്‍ നിന്നുമാണ് വീണ്ടും അവനെപ്പറ്റി കേട്ടത്. ഒരു ദിവസം അമ്മയും മകനും കൂടി ടീച്ചറെ വന്നു കണ്ടിരുന്നത്രേ.. ദുശ്ശീലങ്ങളെല്ലാം കളഞ്ഞ് നല്ല കുട്ടിയായി അമ്മയെ നോക്കി കഴിയാന്‍ തീരുമാനിച്ചതായി അവന്‍ പറഞ്ഞു. ആ അമ്മയുടെ മുഖത്ത് ഉണ്ടായിട്ടുണ്ടാകാവുന്ന പ്രതീക്ഷയും ആനന്ദവും ഞാനെന്റെ ടീച്ചറുടെ മുഖത്തും കണ്ടു. പക്ഷെ, സന്തോഷത്തിന്റെ തിരിയണച്ചുകൊണ്ട് പിന്നാലെ വന്ന വാര്‍ത്ത ഞെട്ടിക്കുന്നതായിരുന്നു. അടുത്ത ദിവസം തന്നെ ഒരു കാറപകടത്തില്‍ ആ കൂട്ടുകാരന്‍.......

Saturday, March 26, 2011

ഒരു തിരിഞ്ഞു നോട്ടം

നിനക്കുവേണ്ടി ഞാന്‍ മാറ്റി വച്ചത് എന്റെ ജീവിതമായിരുന്നു
എനിക്കു കിട്ടിയതോ, നിന്റെ ചട്ടങ്ങളും ചട്ടക്കൂടുകളും .
കുരുക്കഴിക്കാനാവാത്ത സമവാക്യങ്ങള്‍ കൊണ്ട് എനിക്ക് ശ്വാസം മുട്ടുന്നു....
വിശേഷണങ്ങളില്ലാത്ത വിഡ്ഢിത്തങ്ങള്‍ കൊണ്ട് സ്വയം മുറിപ്പെടുന്നു..
ജീവിതത്തില്‍ തിരുത്തലുകളുണ്ടെന്ന് ആരെങ്കിലും പറഞ്ഞാല്‍
വിശ്വസിക്കരുതേ....
സംഭവിച്ചതൊന്നും ഒരുകാലത്തും തിരുത്തപ്പെടുന്നില്ല..
ആവര്‍ത്തനങ്ങള്‍ ഒഴിവാക്കാന്‍ കഴിയുന്നവര്‍
ബുദ്ധിമാന്മാര്‍...ജീവിതം അവര്‍ക്കുള്ളതാണ്.

Tuesday, May 4, 2010

പുറത്താക്കപ്പെട്ട രാത്രി എന്നെ ഓര്‍മ്മിപ്പിച്ചത്...


ഞാന്‍ പുറത്താക്കപ്പെട്ടിരിക്കുന്നു..
അവിചാരിതമായ
എന്നാല്‍
അദൃശ്യമായ
നടപടികളിലൂടെ
ഞാന്‍ പുറത്താക്കപ്പെട്ടിരിക്കുന്നു..
പുറത്താക്കല്‍ എന്നെ ഓര്‍മ്മിപ്പിക്കുന്ന ചിലതുണ്ട്.
പെണ്ണേ.. നിനക്ക് സ്വന്തമായി ഒന്നുമില്ല
ഇടക്കാലത്ത് ആരുടെയൊക്കെയോ പങ്ക് പറ്റുന്നു എന്നുമാത്രം...
വേരുറപ്പിക്കാന്‍ നിനക്ക് അവകാശമില്ല.

പേരും വിലാസവും സംസ്ക്കാരവും
ഒന്നിനും നിന്റേതാവാന്‍ കഴിയില്ല
തിന്നുന്നചോറിനോടു നന്ദികാണിക്കുന്ന
ഏതൊരു സാധാരണ വളര്‍ത്തു മൃഗത്തെയും പോലെ
മേല്‍പ്പറഞ്ഞവയെല്ലാം
ഉടമസ്ഥനില്‍ നിന്നും അപ്പപ്പോള്‍
കൈപ്പററുക........ അത്രമാത്രം.
പെണ്ണേ.. നിനക്ക് സ്വന്തമായി ഒന്നുമില്ല.

നീയൊരു പിടി കുഴച്ചകളിമണ്ണായിരിക്കുക
കൈമറിഞ്ഞു പോകുമ്പോള്‍
ആവശ്യക്കാര്‍ക്കനുസരിച്ച് രൂപം മാറ്റേണ്ടി വന്നേക്കാം,
അല്ലെങ്കില്‍ ഒരു കുമ്പിള്‍ വെള്ളമായിരിക്കുക
പാത്രത്തിന്റെ രൂപത്തില്‍ അഭിമാനിക്കുക.., നിന്റേതല്ല.

സ്പഷ്ടമായും നീയൊരു ഇത്തിള്‍കണ്ണിയാകുന്നു
പറിച്ചെറിയപ്പെടുന്നിടത്ത് പങ്കുപറ്റി കഴിയുക
നിന്റെ ജീവിത വ്രതമാണ്.

ജീര്‍ണ്ണതകളില്‍ നിന്നും ഉയിര്‍ത്തെഴുന്നേല്‍ക്കാന്‍
നിനക്ക് തുണയുണ്ടെന്നു ധിരിച്ചുവോ
അവരെല്ലാം ഞങ്ങളുടെ പങ്കുകാര്‍ മാത്രം

Monday, July 13, 2009

പൂക്കാലം

അവളെന്നോട് ചോദിച്ചത്
പൂക്കാലമാണ്
ഞാനവള്‍ക്ക് നല്‍കിയത്
അക്ഷരങ്ങളും
എന്റെ തൂലിക്കത്തുമ്പിലിരുന്ന്
തെച്ചിയും ചെമ്പരത്തിയും കാക്കപ്പൂവും
അവളെ നോക്കിച്ചിരിച്ചു..
കടലാസ് തുണ്ട് ചേര്‍ത്ത് വച്ച് മണത്തിട്ട്
അവള്‍ ചിരിക്കുന്നത്
ഞാന്‍ ഭാവനയില്‍ കണ്ടു.
അതിന് പൂക്കാലത്തിന്റെ മണമുണ്ടായിരുന്നിരിക്കണം.

Friday, June 26, 2009

വിനാശകാലേ

എന്നെ കണ്ടിരുന്ന കണ്ണുകളില്‍ കാഴ്ച മങ്ങി
ചിന്തകളില്‍ ഉറുമ്പുകടി
നെഞ്ചില്‍ കൊട്ടാത്ത താളം, പിഴച്ചുപോയതിന്റെ
നെടുവീര്‍പ്പ്
വിനാശകാലേ വിപരീത ബുദ്ധി
വര്‍ത്തമാനങ്ങളില്‍
അക്ഷരങ്ങള്‍ മുളച്ചുപൊന്തുന്നു..
അവ അര്‍ത്ഥം മാറ്റുന്നു
മാറിയ അര്‍ത്ഥങ്ങള്‍ തിരിഞ്ഞുനിന്ന്
പല്ലിളിക്കുന്നു
ഈ വഴിയില്‍ വെയില്‍ മാഞ്ഞു...

Monday, April 20, 2009

...............

പ്രണയത്തിന്റെ വിപ്ലവകാലം കഴിഞ്ഞുപോയി
വേനല്‍ കൊണ്ടുരഞ്ഞുമുറിഞ്ഞ വടുക്കള്‍ തടവി
അവ്യക്തമായ ഭൂതവും ഭാവിയും നോക്കി വെറുതെയിരിക്കുന്നു.
ഈ വരള്‍ച്ച ഹൃദയത്തിന്റെ വേരുകളിലേക്ക്
തലമുറയുടെ പേറ് മുറിയിലേക്ക്.
പൊതിയഴിച്ചപ്പേള്‍ തുളുമ്പിപ്പോയ കണ്ണീര്‍ത്തുള്ളികളാണ് എന്റെ പ്രണയം

Thursday, February 5, 2009

വേനല്‍


നീ
മഴയായി

എന്നില്‍ നിറയുന്ന
ഇടവപ്പാതി
കാത്ത്

ഞാന്‍
തളര്‍ന്നു.
വേനലറുതിയില്‍
എന്റെ ഭൂമി വരണ്ടു പിളര്‍ന്നു..