Monday, July 13, 2009

പൂക്കാലം

അവളെന്നോട് ചോദിച്ചത്
പൂക്കാലമാണ്
ഞാനവള്‍ക്ക് നല്‍കിയത്
അക്ഷരങ്ങളും
എന്റെ തൂലിക്കത്തുമ്പിലിരുന്ന്
തെച്ചിയും ചെമ്പരത്തിയും കാക്കപ്പൂവും
അവളെ നോക്കിച്ചിരിച്ചു..
കടലാസ് തുണ്ട് ചേര്‍ത്ത് വച്ച് മണത്തിട്ട്
അവള്‍ ചിരിക്കുന്നത്
ഞാന്‍ ഭാവനയില്‍ കണ്ടു.
അതിന് പൂക്കാലത്തിന്റെ മണമുണ്ടായിരുന്നിരിക്കണം.

Friday, June 26, 2009

വിനാശകാലേ

എന്നെ കണ്ടിരുന്ന കണ്ണുകളില്‍ കാഴ്ച മങ്ങി
ചിന്തകളില്‍ ഉറുമ്പുകടി
നെഞ്ചില്‍ കൊട്ടാത്ത താളം, പിഴച്ചുപോയതിന്റെ
നെടുവീര്‍പ്പ്
വിനാശകാലേ വിപരീത ബുദ്ധി
വര്‍ത്തമാനങ്ങളില്‍
അക്ഷരങ്ങള്‍ മുളച്ചുപൊന്തുന്നു..
അവ അര്‍ത്ഥം മാറ്റുന്നു
മാറിയ അര്‍ത്ഥങ്ങള്‍ തിരിഞ്ഞുനിന്ന്
പല്ലിളിക്കുന്നു
ഈ വഴിയില്‍ വെയില്‍ മാഞ്ഞു...

Monday, April 20, 2009

...............

പ്രണയത്തിന്റെ വിപ്ലവകാലം കഴിഞ്ഞുപോയി
വേനല്‍ കൊണ്ടുരഞ്ഞുമുറിഞ്ഞ വടുക്കള്‍ തടവി
അവ്യക്തമായ ഭൂതവും ഭാവിയും നോക്കി വെറുതെയിരിക്കുന്നു.
ഈ വരള്‍ച്ച ഹൃദയത്തിന്റെ വേരുകളിലേക്ക്
തലമുറയുടെ പേറ് മുറിയിലേക്ക്.
പൊതിയഴിച്ചപ്പേള്‍ തുളുമ്പിപ്പോയ കണ്ണീര്‍ത്തുള്ളികളാണ് എന്റെ പ്രണയം

Thursday, February 5, 2009

വേനല്‍


നീ
മഴയായി

എന്നില്‍ നിറയുന്ന
ഇടവപ്പാതി
കാത്ത്

ഞാന്‍
തളര്‍ന്നു.
വേനലറുതിയില്‍
എന്റെ ഭൂമി വരണ്ടു പിളര്‍ന്നു..

Saturday, January 31, 2009

ഇനി.....




നിഴല്‍ വീണ് ഒഴുകിപോയിട്ടും
അവന്‍ പറഞ്ഞില്ല എന്തിനാണ് വന്നതെന്ന്.
വൃശ്ചികം പടിയിറങ്ങിപ്പോയപ്പോള്‍
ഒതുക്കുകല്ലില്‍ ഇരുന്ന് ഞാന്‍ കരഞ്ഞതും
പത്തായപ്പുരയുടെ തറപ്പലകയ്ക്കിടയില്‍ ചിതറിവീണ
നെല്ല് പെറുക്കിയതും
അവന്‍ കണ്ടിരിക്കും
അല്ലെങ്കില്‍ പിന്നെന്തിനാണ്
പോകുമ്പോള്‍ അവന്‍ ചിരിച്ചത്....

എന്റെ പൊയ്ക്കാലുകളും ചമയങ്ങളുമഴിഞ്ഞ്
ഞാന്‍ ഭൂമിയില്‍ നില്‍ക്കുന്നത്
അവന്‍ കാണുകയും
ഞങ്ങള്‍ക്കിടയില്‍
നേര്‍​ത്തൊരു കൈത്തോടിന്റെ അകലം പോലുമില്ലെന്ന് അറിയുകയും
ചെയ്തിരിക്കും
ഇനി അവനെ എന്നില്‍ നിന്നകറ്റാന്‍ എന്താണുള്ളത്......?

Wednesday, January 14, 2009

നോമ്പ്കാലം

നോമ്പ്കാലം
എനിക്ക് ഉത്സവമായിരുന്നു..
ഞാനൊരു ഇസ്ലാമായതുകൊണ്ട് എന്ന് നിങ്ങള്‍ തല ചെരിച്ചേക്കാം
കൂട്ടുകാരുടെ നോമ്പുതുറയില്‍ ക്ഷണമുള്ളതുകൊണ്ട് എന്ന് ചിരിച്ചേക്കാം
അല്ലെങ്കില്‍
നിങ്ങളെ എങ്ങനെ കുറ്റം പറയാനാവും
എന്നെങ്കിലും നിങ്ങളെന്നെ കണ്ടിട്ടുണ്ടോ.....
ഉച്ചനേരങ്ങളില്‍
ചളുങ്ങിയ ചോറ്റുപാത്രം നെഞ്ചില്‍ ചേര്‍ത്ത്
പിന്‍ മുറ്റത്തേക്കുള്ള നൂണ്ടിറങ്ങലുകളും
കൈതക്കാടിനോരം പറ്റി ആകാശം നോക്കിയിരിപ്പും
ഒഴിഞ്ഞ ചോറ്റുപാത്രവും
ആരും കാണരുതെന്ന ആശയങ്കയില്ലാത്ത ഒരു മാസം
എനിക്കും ഉച്ചയ്ക്കുള്ള ഇടവേളകളില്‍ ക്ലാസ് മുറിയിലിരിക്കാം
തലമുടി മൂടിയ
മുഴുക്കയ്യന്‍ കുപ്പായമിട്ട എന്റെ കൂട്ടുകാര്‍ക്കിടയില്‍ തന്നെ.
ഞാനും നോമ്പെടുക്കുകയാണ്
അല്ലാതെ ഇല്ലാഞ്ഞിട്ടല്ല
എന്ന അര്‍ത്ഥശൂന്യമായ മുഖപടത്തോടെ